Crime
ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പരാതി നൽകിയിട്ടില്ലെന്ന് സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക

തിരുവനന്തപുരം:ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പരാതി നൽകിയിട്ടില്ലെന്ന് സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം വ്യക്തമാക്കി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.’എന്റെ പരാതിയിലാണ് കേസെടുത്തതെന്ന വാദം തെറ്റാണ്. ഞാൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. സന്ദീപ് കോടതിക്കാണ് പരാതി നൽകിയത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.ഡി ജിപിക്ക് പരാതി നൽകിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ കേസെടുക്കും’-അഭിഭാഷക ചോദിച്ചു.
ഇന്നലെയാണ് സന്ദീപ് നായരുടെ അഭിഭാഷക ഡി ജി പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ ഇ.ഡി നിർബന്ധിച്ചുവെന്നാണ് പരാതി. സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി നൽകുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
സ്വർണക്കടത്തുകേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ നിർബന്ധിച്ചുവെന്ന വനിതാ പൊലീസുകാരുടെ മൊഴിയിൽ നേരെത്തെ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസ്. തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.