HEALTH
കുംഭമേള അവസാനിപ്പിക്കാന്‍ തീരുമാനം. തീരുമാനത്തോട് സഹകരിക്കുമെന്ന് സന്യാസി മഠമായ ജുനാ അഘാഡ

ഡല്‍ഹി: കുംഭമേള അവസാനിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് സന്യാസി മഠമായ ജുനാ അഘാഡയുടെ മേധാവിയും ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റുമായ സ്വാമി അവദേശാനന്ദ ഗിരി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിലാണ് നടപടി.
കുംഭമേള പ്രതീകാത്മകമാക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ചിരുന്നു. ഇത് ജുനാ അഘാഡ അംഗീകരിക്കുകയായിരുന്നു. സംഘാടകരായ സന്യാസികളുടെ ഏറ്റവും വലിയ മഠമാണിത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. സന്യാസിമാരോട് സംസാരിച്ച കാര്യം രാവിലെ പ്രധാനമന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. ചടങ്ങുകള്‍ ചുരുക്കുന്നത് കോവിഡിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും മോദി ട്വീറ്റ് ചെയ്തു.
കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ദിവസങ്ങളില്‍ ഗംഗയില്‍ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ചടങ്ങുകള്‍ ചുരുക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഏപ്രില്‍ 30 വരെയാണ് കുംഭമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്.
കുംഭമളയ്ക്കിടെ കോവിഡ് പിടിപെട്ട സന്യാസിമാരുടെ ആരോഗ്യവിവരങ്ങളും പ്രധാനമന്ത്രി അന്വേഷിച്ചിരുന്നു. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികളുമായി പ്രധാനമന്ത്രി സംസാരിച്ചു. അതിനു ശേഷമാണ് ഈ ട്വീറ്റ് പുറത്തു വന്നത്.
കുംഭമേള അവസാനിപ്പിക്കുന്നതില്‍ സന്യാസിമാര്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചു. കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കുംഭമേള ചുരുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു.
എന്നാല്‍ കുംഭമേള അവസാനിപ്പിക്കുന്നതില്‍ തീരുമാനമായില്ലെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കുംഭമേള നടത്തിപ്പില്‍ അനിശ്ചിതത്വം ഉയര്‍ന്നിരുന്നു.