Connect with us

HEALTH

രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തു ഇപ്പോള്‍ പടരുന്നതു ഇരട്ട വകഭേദം വന്ന വൈറസാണോയെന്ന് സംശയം. ഇതു കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിക്കുന്നതിനു പിന്നില്‍ ഇരട്ട ജനിതക വകഭേദം വന്ന വൈറസുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് ഇത്തരം വൈറസുകള്‍ സജീവമായിരിക്കുന്നത്. ഡല്‍ഹിയില്‍ യു.കെ വകഭേദം വൈറസ് ആണ് ഏറ്റവും സങ്കീര്‍ണമായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇരട്ട വകഭേദം വന്ന വൈറസ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്നത്. E484Q, L452R എന്നീ വൈറസുകളുടെ സങ്കലനമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ L452R കാലിഫോര്‍ണിയയിലും യു.എസിലും കണ്ടെത്തിയവയാണ്. E484Q തദ്ദേശീയമാണ്.

യു.കെയിലെ വകഭേദം വന്ന വൈറസുകളുമായി കൂടിച്ചേര്‍ന്നതാണ് ഡല്‍ഹിയില്‍ കണ്ടെത്തിയത്. പഞ്ചാബില്‍ യു.കെ വകഭേദം വന്ന വൈറസാണ് 80 ശതമാനം കൊവിഡ് രോഗികളിലും കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കണ്ടെത്തിയവയില്‍ 60 ശതമാനവും ഇരട്ട വകഭേദം വന്നവയാണ്.

കേരളത്തിലും ഇരട്ടവകഭേദം സംഭവിച്ച വൈറസാണ് രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതെങ്കില്‍ രോഗവ്യാപനം അതിശക്തമാകുമെന്നാണ് ഭയക്കുന്നത്. ഈ ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാവിലെ മുതല്‍ അതിര്‍ത്തികളിലുള്‍പ്പടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Continue Reading