HEALTH
ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് കൃത്യസമയത്ത് രണ്ടാംഡോസ് നല്‍കാനായില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല

തിരുവനന്തപുരം: വാക്‌സിന്‍ക്ഷാമം കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിനു തിരിച്ചടിയാകുന്നു. ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് കൃത്യസമയത്ത് രണ്ടാംഡോസ് നല്‍കാനായില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം വാക്‌സിനേഷന്‍കൊണ്ടു ലഭിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം.
ആദ്യഡോസ് സ്വീകരിച്ച ഒട്ടേറെപ്പേര്‍ക്ക് രണ്ടാംഡോസ് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍ സംസ്ഥാനത്തുള്ളത്. കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കണം. കോവാക്‌സിനാണെങ്കില്‍ 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കണം. എന്നാല്‍, വാക്‌സിന്‍ക്ഷാമംമൂലം സമയക്രമം ആകെ തെറ്റി. ആരോഗ്യവകുപ്പ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ചിലര്‍ക്ക് രണ്ടാംഡോസ് എടുക്കാനായിട്ടില്ല.
കോവിഡ് വാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ പ്രതിരോധം ലഭിക്കാനാണ് ബൂസ്റ്റര്‍ ഡോസായി രണ്ടാമതും വാക്‌സിന്‍ നല്‍കുന്നത്. കോവിഷീല്‍ഡ് വാക്‌സിനും ആദ്യഡോസ് സ്വീകരിച്ച് 28 ദിവസമാകുമ്പോള്‍ രണ്ടാംഡോസ് എടുക്കണമെന്നായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ആദ്യഡോസ് സ്വീകരിച്ചവരില്‍ രണ്ടാംഡോസിന്റെ വീര്യംകെടുത്തുന്ന ആന്റിബോഡി രൂപപ്പെടുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ സമയം നീട്ടുകയായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.