Connect with us

HEALTH

കുടിവെള്ളവും പാനീയങ്ങളും വെയിലേല്‍ക്കുന്നിടത്ത് വില്‍പ്പനയ്ക്ക് വെച്ചാല്‍ പിടിച്ചെടുത്ത് നശിപ്പിക്കും

Published

on

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലാക്കിയ കുടിവെള്ളവും പാനീയങ്ങളും വെയിലേല്‍ക്കുന്നിടത്ത് വില്‍പ്പനയ്ക്ക് വെച്ചാല്‍ പിടിച്ചെടുത്ത് നശിപ്പിക്കും. പ്ലാസ്റ്റിക് കുപ്പിയിലെ പാനീയങ്ങളും കുടിവെള്ളവും സൂര്യപ്രകാശമേറ്റ് രാസമാറ്റമുണ്ടായി വിഷമയമാകുന്നത് കണക്കിലെടുത്താണ് നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടിയെടുക്കുക. ഇത് സംബന്ധിച്ച് വകുപ്പ് എല്ലാ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി.
കൊടും ചൂടുകാലത്ത് കുപ്പിവെള്ളത്തിന്റെ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടാകാറുണ്ട്. ജലജന്യരോഗങ്ങള്‍ കൂടുന്നതും ഇക്കാലത്താണ്. കോവിഡ് വ്യാപനം രൂക്ഷമായ കാലമായതിനാല്‍ ആശുപത്രികളില്‍ മറ്റ് ചികിത്സകള്‍ക്കുള്ള സൗകര്യം പരിമിതമാണ്. ഇത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളവും പാനീയങ്ങളും വഴി വരുന്ന രോഗങ്ങള്‍ക്ക് തടയിടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികളുമായി എത്തിയിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഭക്ഷണശാലകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതാണെന്ന സര്‍ട്ടിഫിക്കറ്റ് കരുതണം. കുടിവെള്ളം പുറത്ത് നിന്ന് വാങ്ങുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും ആ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കുടിവെള്ളം എത്തിച്ച ലോറിയുടെ നമ്പര്‍, ൈലസന്‍സ് സര്‍ട്ടിഫിക്കറ്റ്, കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ സൂക്ഷിക്കണം.
കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളില്‍ വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും വെള്ളം എവിടെ നിന്നാണ് ശേഖരിച്ചതെന്ന വിവരവും സൂക്ഷിക്കണം.

Continue Reading