Connect with us

HEALTH

മഹാമാരി ഉണ്ടാകുമ്പോള്‍ മൂകസാക്ഷി ആയിരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Published

on


ന്യൂഡൽഹി: കോവിഡ് മഹാമാരി പോലെയുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോൾ മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഓക്സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ കൈമാറാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.

കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതിക്ക് മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ദേശീയ പ്രാധാന്യമുള്ള ചില വിഷയങ്ങളിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. എന്നാൽ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികൾ പരിഗണിക്കുന്ന കേസുകളിലെ നടപടികൾ തടയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതികളെ സഹായിക്കുന്ന നടപടി സുപ്രീം കോടതിയിൽനിന്നും ഉണ്ടാകുമെന്നും ബെഞ്ച് അറിയിച്ചു.

വാക്സിന്റെ വിലനിർണയം സംബന്ധിച്ച നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. ഡ്രഗ്സ് കൺട്രോളർ ആക്ട്, പേറ്റന്റ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തിൽ വാക്സിൻ വില നിർണയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ട്. ദേശീയ ദുരന്തമായി മഹാമാരി മാറുമ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ എപ്പോൾ ഇടപെടുമെന്നും കേന്ദ്രസർക്കാരിനോട് കോടതി ആരാഞ്ഞു. രാജ്യത്തിന് എത്ര വാക്സിൻ ആവശ്യമായി വരുമെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വീകരിച്ച നടപടികൾ സർക്കാരുകൾ ജനങ്ങളെ അറിയിക്കണം. സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യുറിമാരായി സീനിയർ അഭിഭാഷകർ ആയ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ കോടതി നിയമിച്ചു. കേസ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

Continue Reading