HEALTH
രാജ്യത്ത് കോവിഡ് മരണം രണ്ടു ലക്ഷം കടന്നു; രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നു

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് -19 ബാധിച്ചുണ്ടായ മരണം 2 ലക്ഷം കടന്നു. കൊറോണ വൈറസിന്റെ രണ്ടാം തരംഗം അതിശക്തമായി ബാധിച്ച രാജ്യത്ത് കഴിഞ്ഞ ദിവസം മൂവായിരത്തിലധികം പേരാണ് മരണത്തിനു കീഴടങ്ങിയത്.
കൊറോണ വൈറസ് രാജ്യമെമ്പാടും പടര്‍ന്നിട്ടുണ്ടെങ്കിലും തലസ്ഥാനമായ ഡല്‍ഹി, സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന സംസ്ഥാനമായ മഹാരാഷ്ട്ര എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മാരകമായി ബാധിച്ച സംസ്ഥാനങ്ങള്‍.
ഓക്‌സിജന്റെ അഭാവം, രോഗികള്‍ക്കുള്ള ആശുപത്രി കിടക്കകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ പോരായ്മ, എന്നിവ തുടരുന്നതിനിടെ ഇന്ത്യയിലെ മരണ നിരക്കും കൂടുതയാണ്. കഴിഞ്ഞ ഏഴു ദിവസമായി ഇന്ത്യയില്‍ പ്രതിദിനം 3 ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ 381 കോവിഡ് -19 മരണങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 66,358 ആണ് ചൊവ്വാഴ്ചത്തെ രോഗികളുടെ എണ്ണം. മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിദേശ രാജ്യങ്ങള്‍ സഹായം നല്‍കിത്തുടങ്ങിയെങ്കിലും ഇന്ത്യയില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗം മെയ് പകുതിയാടെ ഏറ്റവും ഉയരത്തിലെത്തുമെന്നാണ് കണക്കുകൂട്ടലുകള്‍.
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് ചൊവ്വാഴ്ച ഉണ്ടായെങ്കിലും
തുടര്‍ച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം 3, 00,000ന് മുകളിലാണ്.
ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം നല്‍കിത്തുടങ്ങി. കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ അയര്‍ലന്‍ഡ് 700 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ കണ്ടെയ്‌നറുകളുടെ ഒരു ശേഖരം തായ്ലന്‍ഡില്‍ നിന്ന് ഇന്ത്യയില്‍ എത്തിയിട്ടുണ്ട്, കൂടാതെ കുറച്ച് ശൂന്യമായ ടാങ്കറുകളും സിംഗപ്പൂരില്‍ നിന്ന് വിമാനത്തില്‍ എത്തിക്കും.