Connect with us

HEALTH

ആരോഗ്യ പ്രവർത്തക അശ്വതി യുടെ മരണത്തിന് കാരണമായത് വയനാട്ടിലെ ചികിത്സാ അപര്യാപ്തതയും അനാസ്ഥയുമെന്ന് ബന്ധുക്കൾ

Published

on

സുൽത്താൻ ബത്തേരി: കേരളക്കരയെ തന്നെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ആരോഗ്യ പ്രവർത്തക യുകെ അശ്വതി (24)യുടെ മരണത്തിന് കാരണമായത് വയനാട്ടിലെ ചികിത്സാ അപര്യാപ്തതയും അനാസ്ഥയുമെന്ന് ബന്ധുക്കൾ. ഐസിയു ആംബുലൻസിന്റെ അഭാവം കാരണം അശ്വതിയെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഇനിയാർക്കും അവസ്ഥയുണ്ടാകരുതെന്നും ഇവർ കണ്ണീരോടെ പറയുന്നു.

കോവിഡ് ബാധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അശ്വതി പിന്നീട് രോഗം മൂർഛിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ നൂറിലധികം കിലോമീറ്റർ അകലെയുള്ള ഇവിടേയ്ക്ക് എത്തിപ്പെടാൻ ഐസിയു ആംബുലൻസ് ലഭിച്ചില്ല. അശ്വതിയും കുടുംബവും 14 മണിക്കൂറാണ് ആംബുലൻസിനായി കാത്തിരിക്കേണ്ടി വന്നത്. ആംബുലൻസുകളുടെ അഭാവവും ആശുപത്രികൾ ആംബുലൻസ് വിട്ടുനൽകാൻ കൂട്ടാക്കാത്തതുമെല്ലാം അശ്വതിയുടെ നിലവഷളാവാൻ കാരണമായെന്ന് അശ്വതിയുടെ അടുത്ത ബന്ധുവായ പൂളയ്ക്കൽ വിജയൻ പറഞ്ഞു.

ഞങ്ങളുടെ അവസ്ഥ ഇനി ആർക്കും വരുത്തരുതെന്ന് ഒരു പ്രാർത്ഥനയെ ഉള്ളു. ഈ മരണത്തിൽ ഞങ്ങൾക്ക് നീതി വേണം. ഇനിയും ഈ അവസ്ഥ ആവർത്തിക്കരുത്.-അശ്വതിയുടെ വല്യച്ചന് വിതുമ്പൽ അടക്കാനാകുന്നില്ല.

‘ഞായറാഴ്ച രാത്രി 7 മണിയോടെ അശ്വതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകണമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗം വഷളായതിനാൽ ഐസിയു ആംബുലൻസ് വേണമെന്നും അറിയിച്ചു. ആശുപത്രിക്ക് പുറത്ത് കാത്തു നിന്നിരുന്ന ഞങ്ങളെല്ലാവരും ഒരു ഐസിയുആംബുലൻസിനായി നെട്ടോട്ടം ഓടി. ആശുപത്രി ജീവനക്കാരും ഇതിനായി ശ്രമിച്ചുകൊണ്ടിരുന്നു. പല ആശുപത്രികളും കോവിഡ് രോഗിയെ കൊണ്ട് പോകാൻ ആംബുലൻസ് വിട്ടുതരില്ലെന്ന് പറഞ്ഞു. ചിലർ ജീവനക്കാരില്ലെന്നും ഡ്രൈവർ ഇല്ലെന്നും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. ഒടുവിൽ അടുത്ത ദിവസം രാവിലെ 9 മണിക്ക് ശേഷമാണ് അശ്വതിയെ കൊണ്ട്‌പോകാൻ ഐസിയുആംബുലൻസ് കിട്ടുന്നത്. കുട്ടിയുമായി പോയവഴിയിലും ഓക്‌സിജൻ സിലണ്ടറിന് എന്തോ സംഭവിച്ചു. സിലണ്ടർ ശരിയായി പ്രവർത്തിച്ചില്ലെന്നാണ് കരുതുന്നത്. തുടർന്ന് വഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മൂവായിരം രൂപയുടെ ഇഞ്ചക്ഷനും എടുത്താണ് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടത്. എന്നാൽ വഴിയിൽ വച്ചു തന്നെ അവൾ പോയി.’ പൂളയ്ക്കൽ വിജയൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞതിങ്ങനെ.

Continue Reading