HEALTH
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവിന് കിടക്ക വിട്ടുകൊടുത്ത 85കാരന്‍ മരണത്തിന് കീഴടങ്ങി

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി കിടക്ക വിട്ടുകൊടുത്ത 85കാരന്‍ വീട്ടില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. നാഗ്പുര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്നാണ് വീട്ടില്‍വെച്ച് മരണപ്പെട്ടത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നാരായണ്‍. ഏപ്രില്‍ 22നാണ് നാരയണിനെ നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലെ ഇന്ദിര ഗാന്ധി രുഗ്‌നാലയിലെത്തിക്കുന്നത്. രോഗികളുടെ എണ്ണം കൂടുതലുള്ളതിനാല്‍ ഇദ്ദേഹത്തെ കാഷ്വാലിറ്റി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വാര്‍ഡിനകത്ത് ഒരു സ്ത്രീ ഡോക്ടര്‍മാരോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിക്കുകയും ആശുപത്രിയില്‍ ഇടം നല്‍കുകയയും ചെയ്യണമെന്ന് പറയുന്നത് നാരായണിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ നാരായണ്‍ തന്റെ കിടക്ക വിട്ടുനല്‍കുകയായിരുന്നു.
അതേസമയം, നാരായണിന്റെ അവസാന വാക്കുകളാണ് ഇന്ന് ഏറെ വേദനാജനകമാകുന്നത്, എന്റെ ജീവിതം ഇതിനോടകം ജീവിച്ചുകഴിഞ്ഞു. എന്നെക്കാള്‍ ചെറുപ്പമായ ഒരു രോഗിയുടെ അവസരം ഞാനായി തട്ടികളയുന്നില്ലെന്നും നാരായണ്‍ അവസാനമായി പറഞ്ഞതായി മകള്‍ പറയുന്നു.
അതേസമയം അഭ്യര്‍ത്ഥന മാനിച്ച് ആശുപത്രിയില്‍ നിര്‍ദിഷ്ട വ്യക്തിക്ക് കിടക്ക നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. നാരായണിന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും ഡിസ്ചാര്‍ജ് നല്‍കാന്‍ വിസമ്മതിച്ചിരുന്നതായും മകള്‍ പറഞ്ഞു. എന്നാല്‍ നിര്‍ബന്ധപൂര്‍വം പിതാവ് ആശുപത്രിവിടുകയായിരുന്നുവെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.