Connect with us

HEALTH

നിയന്ത്രണം ലംഘിച്ച് നടത്തിയ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ് . രണ്ടുപേര്‍ മരിച്ചു

Published

on

കൊച്ചി: തൊടുപുഴയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് നടത്തിയ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു. വധുവിന്റെ ബന്ധുക്കളായ സി എസ് പുന്നൂസ് (77), ജോസഫ് സ്റ്റീഫന്‍ (84) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങള്‍ പലരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചിലര്‍ വെന്റിലേറ്ററിലാണ്.

ഏപ്രില്‍ 19ന് ചുങ്കത്ത് വച്ചായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ 150 പേരാണ് പങ്കെടുത്തത്. ചുങ്കത്തെ പരീഷ് ഹാളില്‍ വച്ചായിരുന്നു വിവാഹനിശ്ചയം.അന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍ വിവാഹത്തിന് മുന്‍കൂട്ടി അനുമതി വേണമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ആളുകള്‍ക്ക് ഒത്തുചേരാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇത് ലംഘിച്ച് ആളുകള്‍ കൂട്ടംകൂടിയതാണ് രോഗവ്യാപനത്തിന് കാരണമായത്.

പ്രായമുളള കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ കുടുംബം മകളുടെ വിവാഹനിശ്ചയത്തിനായാണ് നാട്ടിലെത്തിയത്. വിവാഹനിശ്ചയം ഏപ്രില്‍ 19നും കല്യാണം ഏപ്രില്‍ 22ന് ഏറ്റുമാനൂരില്‍ വച്ചുമായിരുന്നു. വിവാഹത്തിന് പിന്നാലെ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു ചടങ്ങുകള്‍ നടന്നതായി അറിഞ്ഞതെന്ന് കൗണ്‍സിലര്‍ പറയുന്നു.

വിദേശത്ത് നിന്നെത്തിയവരില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചടങ്ങില്‍ എല്ലാ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശരിയായരീതിയില്‍ സാമൂഹിക അകലവും പാലിച്ചതായിട്ടാണ് കുടുംബം പറയുന്നത്.

Continue Reading