KERALA
കിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി വെക്കണമെന്ന കമന്റിട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറുമായി എത്തി ഡിവൈഎഫ്‌ഐ

കൊച്ചി: ലോക് ഡൗണില്‍ വിതരണം ചെയ്യുന്ന കിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറുമായി എത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധ സൂചകമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒരു മുഴം കയര്‍ വെച്ചത്. ഡിവൈഎഫ്‌ഐ ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോവിഡ് ലോക് ഡൗണില്‍ അടച്ചിടുന്നതിന് എതിരല്ല. പക്ഷെ ഒരു മുഴം കയര്‍കൂടെ കൊടുത്ത് വേണം അടച്ചിടാന്‍ എന്നായിരുന്നു കമന്റ്’ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തു മുഖ്യമന്ത്രി ലോക് ഡൗണ്‍ പ്രഖ്യപിച്ചപ്പോള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തും വിധം കമന്റിട്ട് പ്രതികരിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാന്‍ രാജു പി നായരുടെ ആവശ്യം മനസ്സിലാക്കി ഡിവൈഎഫ്‌ഐ ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മറ്റി ”ഒരു തുണ്ട് ചരട് ”അദ്ദേഹത്തിന്റെ വീട്ടു പടിക്കല്‍ വെച്ചിട്ടുണ്ട്. നേരിട്ട് കൊടുക്കാന്‍ ആണ് ചെന്നത്. വീട്ടില്‍ അദ്ദേഹം ഇല്ലാത്തത് കൊണ്ട് ഉമ്മറത്ത് വച്ചിട്ടു പോന്നു…’ഡിവൈഎഫ്‌ഐ മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.’കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ല. നിലവില്‍ ലഭിക്കുന്ന കിറ്റ് മതിയാകുന്നില്ലെങ്കില്‍ അതിനും ഡിവൈഎഫ്‌ഐ മുന്നില്‍ തന്നെയുണ്ടാകുമെന്ന് വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു’ എന്നും പോസ്റ്റില്‍ പറയുന്നു.