KERALA
ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് അടുത്ത സി പി എം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും

ന്യൂഡൽഹി: കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് അടുത്ത സി പി എം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും. വിഷയം ഉന്നയിക്കാൻ ചില കേന്ദ്ര നേതാക്കൾ തീരുമാനിച്ചതോടെയാണ് ശൈലജയുടെ മാറ്റം സി പി എമ്മിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പല നേതാക്കൾക്കും വിഷയത്തിൽ കടുത്ത അതൃപ്‌തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പുതുമുഖങ്ങളെ മന്ത്രിസഭയിൽ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോഴും കെ കെ ശൈലജയ്ക്ക് ഇളവുണ്ടാകുമെന്നായിരുന്നു കേന്ദ്ര നേതാക്കൾ കരുതിയിരുന്നത്. പഴയ ടീമിനെ മുഴുവനായി മാറ്റുകയെന്നത് സംസ്ഥാന കമ്മിറ്റി ഏകകണ്‌ഠമായി എടുത്ത തീരുമാനമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗവും അടുത്ത മാസം ചേരാനാണ് സാദ്ധ്യത.
ദേശീയ തലത്തിൽ സി പി എമ്മിനെതിരെ ആരോപണങ്ങൾ ഉയരാനുള്ള സാദ്ധ്യത നിലനിൽക്കെയാണ് കേന്ദ്രനേതൃത്വത്തിന്‍റെ നീക്കം. ഇന്നലെ രാവിലെ കേരളത്തില്‍നിന്നുള്ള പി ബി അംഗങ്ങളുടെ യോഗത്തില്‍ കോടിയേരിയാണ് എല്ലാവരും പുതുമുഖങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ അഭിപ്രായവും ആരാഞ്ഞിരുന്നു.ശൈലജയെ ഒഴിവാക്കുന്നത് അനാവശ്യമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടവയ്ക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം ബൃന്ദാ കാരാട്ടും ചൂണ്ടിക്കാട്ടി. എന്നാൽ ശൈലജയ്ക്കു മാത്രമായി ഇളവു നല്‍കേണ്ടതില്ലെന്ന നിലപാണ് കേരളത്തില്‍നിന്നുള്ള മറ്റ് പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളയും എം എ ബേബിയും സ്വീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചതെന്നും അതിൽ വിവേചനം അരുതെന്നും ഈ നേതാക്കൾ പറഞ്ഞു.പാർട്ടി തീരുമാനം അന്തിമമെന്ന് ആക്‌ടിംഗ് സെക്രട്ടറി വിജയരാഘവൻ പറയുമ്പോഴും കേന്ദ്രനേതാക്കൾ ഇടപെട്ട് ശൈലജയെ തിരികെ കൊണ്ടുവരുമോയെന്നാണ് സാധാരണക്കാരായ പാർട്ടി പ്രവർത്തകർ അടക്കം അന്വേഷിക്കുന്നത്. മന്ത്രിമാർ 21 പേരേയും തീരുമാനിച്ചതിനാൽ അതിനുളള സാദ്ധ്യതയില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗണേഷിനും കടന്നപ്പളളിക്കും തിരികെ വരാൻ രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസഭയിൽ പുനസംഘടനയുണ്ടാകും. അപ്പോൾ ശൈലജയ്‌ക്കുളള വാതിൽ തുറക്കപ്പെടുമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.