Connect with us

KERALA

ശൈലജയെ ഒഴിവാക്കിയതില്‍ സി.പി.എം. ദേശീയ നേതാക്കള്‍ക്ക് അതൃപ്തി

Published

on


ന്യൂഡല്‍ഹി: മന്ത്രിസഭയില്‍നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ സി.പി.എം. ദേശീയ നേതാക്കള്‍ക്ക് അതൃപ്തി. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്ഥാന ഘടകമാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയ തീരുമാനമെടുത്തതെന്നും അതിനാല്‍ തന്നെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കുണ്ടെന്നും വൃന്ദ കാരാട്ട് പ്രതികരിച്ചു.
കോവിഡ് പ്രതിരോധത്തില്‍ രാജ്യാന്തര തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു കെ.കെ. ശൈലജ. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ ശൈലജ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാനഘട്ടത്തില്‍ അവരെ ഒഴിവാക്കിയതില്‍ സി.പി.എം. നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം പല നേതാക്കളേയും വിളിച്ച് ദേശീയ നേതാക്കള്‍ അറിയിച്ചു എന്നാണ് സൂചന.
ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ സിപിഎം പിബിയ്ക്കും അതൃപ്തിയുള്ളതായാണ് സൂചന. സംസ്ഥാന സമിതിയുടെ തീരുമാനം ശരിയല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും നിലപാടെടുത്തയായി സൂചനയുണ്ട്. ഇക്കാര്യം സംസ്ഥാന സമിതിയെ അറിയിക്കും.
ധീരമായ തീരുമാനമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ വിശേഷിപ്പിക്കുമ്പോളാഴാണ് കേന്ദ്ര നേതൃത്വം എതിര്‍പ്പു പ്രകടിപ്പിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് കെ കെ ശൈലജ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്നത്.
ഒരു ഘട്ടത്തില്‍ ശൈലജ ഒഴികെ എല്ലാവരും മാറട്ടെ എന്ന നിലപാടായിരുന്നു പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു.
പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാല്‍ സിപിഎം കേന്ദ്രനേതാക്കളില്‍ മറ്റു ചിലരും ഈ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ നിര്‍ണ്ണായകഘട്ടത്തെ നേരിടുമ്പോള്‍ ശൈലജയെ മാറ്റുന്നതു ശരിയല്ലെന്ന നിലപാടും ഇവര്‍ അറിയിക്കുന്നു.
ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാര്‍ട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത ടിസ്റ്റ് നടന്നത്.

Continue Reading