HEALTH
ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടെ, ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മോദി നിര്‍ദേശിച്ചു. സ്വന്തം ലോക്‌സഭ മണ്ഡലമായ വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു മോദി.
ചര്‍ച്ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ഓര്‍മ്മിച്ചപ്പോള്‍ പ്രധാനമന്ത്രി വികാരാധീനനായി. വൈറസ് നിരവധിപ്പേരുടെ ജീവനെടുത്തു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മോദി പറഞ്ഞു.
വാക്‌സിനേഷന്‍ ദൗത്യം കൂട്ടായ ഉത്തരവാദിത്തമാണ്. ബ്ലാക്ക് ഫംഗസ് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജാഗ്രത കൈവിടരുതെന്ന് മോദി മുന്നറിയിപ്പ് നല്‍കി. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത്.
ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും മോദി നിര്‍ദേശിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ മോദി അഭിനന്ദിച്ചു.