KERALA
അമിത ആത്മവിശ്വാസം കോൺഗ്രസിന് തിരിച്ചടിയായി, അശോക് ചവാൻ സമിതി റിപ്പോർട്ട് നൽകി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച അശോക് ചവാന്‍ സമിതി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നൽകി . ഇന്നലെ രാത്രിയാണ് റിപ്പോർട്ട് കൈമാറിയത്.. അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. റിപ്പോർട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കെ പി സി സിയുടെ പുതിയ അദ്ധ്യക്ഷനെ ഉടൻ തന്നെ പ്രഖ്യാപിക്കും.
ചവാൻ സമതി തി റിപ്പോർട്ടില്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്ന പരാമർശം റിപ്പോര്‍ട്ടിലുണ്ട്. അമിത ആത്മവിശ്വാസം തിരിച്ചടിയായി. ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്നും നേതൃത്വം ദുര്‍ബലമെന്ന പ്രതീതിയുണ്ടായെന്നും പറയുന്ന റിപ്പോർട്ടിൽ നേതൃമാറ്റം ഉള്‍പ്പടെ സമഗ്ര അഴിച്ചുപണി വേണമെന്നാണ് ശുപാർശ.
റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും പാർട്ടിയിലെ ഉടച്ചുവാർക്കൽ. കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതിയോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്‌ചക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല.ഓണ്‍ലൈൻ മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എം എല്‍ എമാര്‍, എം പിമാര്‍, മറ്റ് ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്.അതിനിടെ, അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കെ പി സി സി. അദ്ധ്യക്ഷനെ സംബന്ധിച്ച് രഹസ്യ സര്‍വേ നടത്തുന്നുണ്ടെന്നും അതിനുശേഷമായിരിക്കും അദ്ധ്യക്ഷനെ നിയമിക്കുകയെന്നുമാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നത്.നേതാക്കളിൽ കെ സുധാകരനാണ് മുൻതൂക്കമുളളത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ആരാകണം കെ പി സി സി അദ്ധ്യക്ഷൻ എന്നതിൽ ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്‍റെ പേരായിരുന്നു. എന്നാൽ, ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്.