Connect with us

Crime

നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി അറസ്റ്റില്‍

Published

on

ബംഗളൂരു: ജീവിതപങ്കാളിയായ നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി എം.മണികണ്ഠന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് എഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
അറസ്റ്റ് ഒഴിവാക്കാന്‍ മണികണ്ഠന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസ് വാദം ശരിവച്ചാണ് കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്.

വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് വര്‍ഷം കൂടെതാമസിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് മലേഷ്യന്‍ യുവതി നല്‍കിയ പരാതി. വാട്‌സാപ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലീസ് കമ്മിഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്.

നാടോടികള്‍, വാഗൈ ചൂടാ വാ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയാണ് പരാതിക്കാരി. വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേല്‍ 2017 മുതല്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നെന്ന് യുവതി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ പുറം ലോകമറിഞ്ഞാല്‍ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ ചെന്നൈ ഗോപാലപുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി എട്ടുകുറ്റങ്ങളാണ് മുന്‍മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മണികണ്ഠനും തമ്മില്‍ പരിചയപ്പെടുന്നത്. ഈ ബന്ധം വളര്‍ന്നാണു ലിവിംഗ് ടുഗെതര്‍ ബന്ധത്തിലെത്തിയത്. എന്നാല്‍ നടിയെ അറിയില്ലെന്ന നിലപാടിലാണു മണികണ്ഠന്‍.

Continue Reading