Connect with us

International

മരിയയുടെ ഏക ഗോളിന്റെ ബലത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന കപ്പിൽ മുത്തമിട്ടു

Published

on

തലമുറകളുടെ കാത്തിരിപ്പിന് ഒടുവിൽ അർജന്റീനയുടെ ആരാധകരുടെ കണ്ണും മനസും നിറച്ച് കപ്പ് എന്ന സ്വപ്‌നസാക്ഷാത്കാരം. ഏയ്ഞ്ചൽ ഡി മരിയയുടെ ഏക ഗോളിന്റെ ബലത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന കപ്പിൽ മുത്തമിട്ടു.

ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയിലൂടെ മുന്നിലെത്തിയ മെസിയും കൂട്ടരും പിന്നീട് പിന്നോട്ട് പോയില്ല. ഡി പോളിന്റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിൻറെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് പാഞ്ഞപ്പോൾ ഗോളി എഡേഴ്‌സണും ബ്രസീൽ താരങ്ങൾക്കും നിരാശയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

ബ്രസീലിന്റെ കടുത്ത മുന്നേറ്റങ്ങള്‍ തടഞ്ഞ അര്‍ജന്റീന പ്രതിരോധവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും പിന്നീട് ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.

28 വർഷത്തെ അർജന്റീനയുടെ കപ്പ് ക്ഷാമത്തിനാണ് മരക്കാനയിൽ അറുതിയായിരിക്കുന്നത്. ഇതിനു മുമ്പ് 1993ലായിരുന്നു അർജന്റീനയുടെ കിരീട നേട്ടം. 2004, 2007 വർഷങ്ങളിൽ ഫൈനലിലെത്തിയെങ്കിലും ബ്രസീലിനോട് കാലിടറി. പിന്നാലെ 2015, 2016 വർഷങ്ങളിലും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ചിലിയോട് തോൽക്കാനായിരുന്നു വിധി. 2014ൽ ഫിഫ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ തുടർച്ചയായി ഫൈനലുകളിൽ പരാജയം രുചിച്ച അർജന്റീനയ്ക്ക് ഈ കപ്പ് വലിയ ആശ്വാസം കൂടിയാണ്.

Continue Reading