Connect with us

Business

ഇനി ഒരിക്കലും ഒരു രൂപ പോലും കേരളത്തില്‍ മുടക്കില്ലെന്ന് കിറ്റക്‌സ്

Published

on

കൊച്ചി: ഇനി ഒരിക്കലും ഒരു രൂപ പോലും കേരളത്തില്‍ മുടക്കില്ലെന്ന് കിറ്റക്‌സ് എം ഡി സാബു ജേക്കബ്. എറണാകുളത്തെ എം എല്‍ എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ തിരികെ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജകീയ സ്വീകരണമാണ് തെലങ്കാനയില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീര്‍പ്പാക്കും. അതിന് ശേഷമായിരിക്കും കൂടുതല്‍ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും രണ്ട് പാര്‍ക്കുകളാണ് തെലങ്കാനയില്‍ കണ്ടത്. ഒന്ന് ടെക്‌സറ്റൈയില്‍സിന് വേണ്ടി വാറങ്കലും മറ്റേത് ജനറല്‍പാര്‍ക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചര്‍ച്ചക്ക് ശേഷമാണ് തെലങ്കാനയില്‍ നിന്ന് തിരിച്ചുവരുന്നത്.
താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എല്‍ എയോടാണ്. കൂടാതെ എറണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എം എല്‍ എമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂര്‍ എം എല്‍ എ, മൂവാറ്റുപുഴ എം എല്‍ എ, തൃക്കാക്കര എം എല്‍ എ, എറണാകുളം എം എല്‍ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എല്‍ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
ഒരു ദിവസത്തെ ചര്‍ച്ചക്ക് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയിത്. എന്നാല്‍ ചര്‍ച്ചക്ക് ശേഷം അവിടുത്തെ വ്യവസായ പാര്‍ക്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒട്ടനവധി സാധ്യതകള്‍ ഒരു വ്യവസായിക്ക് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഹെലികോപ്ടറില്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ മനസിലാക്കാനും സാധിച്ചു. തെലങ്കാന നല്‍കിയ വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. ഞാന്‍ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ വേദിയില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading