Crime
സെക്രട്ടേറിയേറ്റിലുണ്ടായ തീപിപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കഴിഞ്ഞ വർഷം സെക്രട്ടേറിയേറ്റിലുണ്ടായ തീപിപിടുത്തത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായി. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്തിമ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
ഫാനിൻ്റെ മോട്ടോർ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കർട്ടനിലും തീ പടർന്നുവെന്നുമാണ് റിപ്പോർട്ട്.
കൊച്ചിയിലും ബെംഗലൂരുവിലും ഫാനിൻ്റെ ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫാനിന്റെ മോട്ടോറും വയറും പൂർണമായും കത്തിയിരുന്നു, അട്ടിമറിയാണോ ഷോർട്ട് സർക്യൂട്ടാണോ എന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾക്ക് കഴിഞ്ഞില്ല. സെക്രട്ടേറിയറ്റിന്റെ പ്രൊട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്.
2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം ഉണ്ടാകുന്നത്.
ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ദ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പോലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.