NATIONAL
തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് മമത

ഡൽഹി: പശ്ചിമ ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണത്തട്ടിപ്പില്‍ തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര ബാനര്‍ജിക്കും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.
‘കേന്ദ്രസര്‍ക്കാര്‍, ഇഡിയെ ഞങ്ങള്‍ക്കെതിരെ അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനെതിരെ എങ്ങനെ പോരാടണമെന്ന് അറിയാം. ഗുജറാത്തിന്റെ ചരിത്രവും ഞങ്ങള്‍ക്ക് അറിയാം’ മമത പ്രതികരിച്ചു.
കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് മമത ബാനര്‍ജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജിയോട് സെപ്റ്റംബര്‍ ആറിനും ഭാര്യയോട് സെപ്റ്റംബര്‍ ഒന്നിനും ഹാജരാകണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരുടേയും അഭിഭാഷകനായ സഞ്ജയ് ബസുവിനോട് സെപ്റ്റംബര്‍ മൂന്നിന് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. രുചിരയെ ഈ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 23ന് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.