HEALTH
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് എത്തും

തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്ത് ഇന്ന് എത്തും. സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണമുള്ളത്. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
നാലുദിവസം കുട്ടിക്ക് പനി ഉണ്ടായിരുന്നു. രോഗിയുടെ കുടുംബത്തിലോ പ്രദേശവാസികള്‍ക്കോ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും വീണ ജോര്‍ജ് പറഞ്ഞു. എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ മുഹമ്മദ് റിയാസ് എന്നിവര്‍ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാനുണ്ടാക്കിയിട്ടുണ്ട്. പ്രഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. എല്ലാവരേയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി അറിയിച്ചു
ഇതിനിടെ കുട്ടിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യമാണ് അന്വേഷിക്കുന്നത്. കൂടുതൽ പരിശോധനകൾ വരുംദിവസങ്ങളിൽ നടന്നേക്കും.
അതേസമയം ആശങ്കവേണ്ടെ, എന്നാൽ കോഴിക്കോടിന് പുറമെ കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവരും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
മരിച്ച പന്ത്രണ്ട് വയസുകാരന് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളിൽ ആദ്യം കാണിച്ചു. രോഗം ഗുരതരമായതോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഛർദ്ദിയും മസ്തിഷ്ക ജ്വരവും ഉണ്ടായി. മെഡിക്കൽ കോളേജിൽ കുറച്ച് ദിവസം അഡ്മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടായില്ല. അതിനിടെ വെന്റിലേറ്റർ ലഭ്യതയുടെ പ്രശ്നം നേരിട്ടതോടെയാണ് ഒന്നാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഡോക്ടർമാർക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകൾ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബിൽ നിന്ന് ലഭിച്ചു. ഇതിനിടെ, കുട്ടിയുടെ നില അതീവ ഗുരതരമായി, ഞായറാഴ്ച പുലർച്ചെ 4.45 ഓടെ മരണം സംഭവിച്ചു.