HEALTH
നിപ മരണം.കോഴിക്കോട് . മലപ്പുറം കണ്ണൂർ ജില്ലകളിൽ ജാഗ്രത നിർദേശം

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച 12-കാരൻ മരിച്ചതിന് പിന്നാലെ രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ടു പേരും ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കൽ കോളേജിലേയും ഓരോ ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങളുള്ളത്.
മരണപ്പെട്ട കുട്ടിക്ക് പനി വന്നപ്പോൾ ആദ്യ പോയത് സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെയുള്ള ഒമ്പത് പേരുമായി സമ്പർക്കമുണ്ട്. അതിന് ശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. അവിടെ ഏഴോളം പേർ സമ്പർക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുവന്നത്. ഈ ആശുപത്രികളിലും മറ്റുമായി മൊത്തം 188 സമ്പർക്കങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അവരെയെല്ലാം വിവരമറിയിച്ചിട്ടുണ്ട്. ഇതിൽ ഹൈറിസ്കിലുള്ളത് 20 പേരാണ്. ഇവരിൽ രണ്ടു പേർക്കാണ് രോഗ ലക്ഷണമുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് നാലു മണിക്കകം ഹൈറിസ്കിലുള്ള 20 പേരെ മെഡിക്കൽ കോളേജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാർഡിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റാൻ തീരുമാനിച്ചു. ബ്ലോക്കിലെ ആദ്യ നിലയിൽ നിപ പോസിറ്റീവായ രോഗികൾ ഉണ്ടാകുകയാണെങ്കിൽ അവരെ പാർപ്പിക്കും. മറ്റു രണ്ടു നിലകളിൽനിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് മാവൂരാണ് നിപ ബാധിച്ച് കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി മാവൂരിൽ മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവർക്ക് തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധന നടത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതിനായി സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പോയിന്റ് ഓഫ് കെയർ പരിശോധനയിൽ പോസിറ്റീവായാൽ കൺഫേർമേറ്റീവ് പരിശോധ നടത്തും. 12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കാമെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോൾ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നിങ്ങനെയാണ് നമ്പറുകൾ ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കൺട്രോൾ റൂമും തുറന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു