Crime
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉൾപ്പെടെയുള്ളവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാർട്ടി തലത്തിൽ സമ്മർദ്ദമുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണങ്ങൾ ശക്തമായി നിലനിൽക്കുകയും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.
ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരൻ, ജോസ് ചക്രംപള്ളി, ബൈജു ടി.എസ്, ലളിതൻ വി.കെ. എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് നിലവിൽ പ്രതിചേർത്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.