KERALA
നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നതായി ഹരിത മുന്‍ നേതാക്കൾ

കോഴിക്കോട് : നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നതായി ഹരിത മുന്‍ നേതാക്കൾ വാർത്താ സമ്മേളത്തിൽ പറഞ്ഞു.പരാതിപ്പെട്ടതിന് പിന്നാലെ വെര്‍ബല്‍ റേപ്പിനാണ് ഇരയാകുന്നത്. ഹരിത നേതാക്കളെ വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു. സ്വഭാവദൂഷ്യമുള്ളവരെന്ന് പ്രചരിപ്പിച്ചു. തങ്ങള്‍ ക്രൂശിക്കപ്പെട്ടവരാണെന്നും ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു.
ഹരിതയുടെ പെണ്‍കുട്ടികളെ നയിക്കുന്നത് ഒരു സൈബര്‍ ഗുണ്ടയാണെന്നും, അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ അടക്കമുള്ളവ എഴുതിക്കൊടുക്കുന്നതും ഇതേ സൈബര്‍ ഗുണ്ടയാണെന്നും പി കെ നവാസ് പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി ഒരു നടപടി സ്വീകരിച്ചാല്‍ ഹരിതയിലുള്ള പല പെണ്‍കുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും അവന്റെ കൈയിലുണ്ട്. പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞു.
തങ്ങളുടെ ഇത്രയും കാലത്തെ പ്രവര്‍ത്തനം റദ്ദു ചെയ്യുന്ന രീതിയില്‍, അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു പരാമര്‍ശമായി കണക്കാട്ടിയിട്ടു തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന് അഞ്ചുപേജുള്ള പരാതി നല്‍കിയതെന്നും ഹരിത മുന്‍ നേതാക്കള്‍ വ്യക്തമാക്കി.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണ്. പരാമര്‍ശം നടത്തിയത് ജൂണ്‍ 24 നാണ്. പാര്‍ട്ടിക്ക് പരാതി നല്‍കിയത് 27 നാണ്. പി കെ കുഞ്ഞാലിക്കുട്ടിയോടും സാദിഖലി തങ്ങളോടും പിഎംഎ സലാമിനോടും പരാതി പറഞ്ഞു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. പാര്‍ട്ടിക്ക് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കുന്നതെന്നും ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചക്കെത്തിയപ്പോള്‍ വേശ്യക്കും അവരുടേതായ ന്യായീകരണമുണ്ടാകും. അവര്‍ പറയട്ടെ എന്നാണ് പറഞ്ഞത്. കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കാന്‍ വരുന്നവര്‍ എന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആക്ഷേപിച്ചു. സലാമിന്റെ പ്രതികരണം ക്രൂരമായിരുന്നെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു.