Connect with us

KERALA

ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണെന്ന് വെള്ളാപ്പള്ളി

Published

on

ആലപ്പുഴ: രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യാനികളെ അപേക്ഷിച്ച് മുസ്‌ലിം വിഭാഗക്കാര്‍ അത്രത്തോളം മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത നിലയിലുള്ള ഫാ. റോയി കണ്ണന്‍ചിറയെ പോലൊരാള്‍ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്ത കാര്യമാണ്. വര്‍ഗീയ വിഷം തുപ്പുന്ന അപക്വമായ ഇത്തരം പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ശരിയല്ല. ഉയര്‍ന്ന പദവിയിലുള്ള വൈദികന്റെ ഭാഗത്തുനിന്നാണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ആരെപ്പറ്റിയും എന്തും പറയാം എന്നുള്ള ലൈസന്‍സ് അല്ല വൈദികനെന്ന പട്ടം എന്നും അദ്ദേഹം പറഞ്ഞു.
ഇല്ലായ്മ ചൂഷണം ചെയ്തുകൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണ്. പണം കൊടുത്തു കൊണ്ട് പോലും ചിലര്‍ മതപരിപരിവര്‍ത്തനം നടത്തുന്നുണ്ട്. അതുമായി നോക്കുമ്പോള്‍ മുസ്‌ലിം വിഭാഗക്കാര്‍ അത്തരം മത പരിവര്‍ത്തനം നടത്തുന്നുണ്ടോ എന്നകാര്യം സംശയമാണ്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗവും ഇത്തരത്തില്‍ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ വിഭാഗം സംഘടിത വോട്ട് ബാങ്കായി പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ക്ക് മുമ്പില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സാഷ്ടാംഗം പ്രണമിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. അവര്‍ സംഘടിതരായി നിന്ന് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഖജനാവ് മുഴുവന്‍ ചോര്‍ത്തി കൊണ്ട് പോയി സാമ്പത്തികമായി വളരുമ്പോള്‍ ഇവിടത്തെ പട്ടിക ജാതി പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ എവിടെ കിടക്കുന്നു എന്ന് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു

Continue Reading