KERALA
കെഎസ്ആര്‍ടിസി ബസുകള്‍ ഇനി മീന്‍ വില്‍പ്പനയ്ക്കും ഉപയോഗിക്കും

തിരുവനന്തപുരം: കട്ടപ്പുപുറത്തായ കെഎസ്ആര്‍ടിസി ബസുകള്‍ മീന്‍ വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നത് പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാകും ഇക്കാര്യത്തില്‍ നടപടിയുണ്ടാകുക. ഡിപ്പോകളിലായിരിക്കും മീന്‍ വില്‍പ്പനയ്ക്ക് സൗകര്യമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
സമീപകാലത്ത് മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ നേരിട്ട ചില ദുരനുഭവങ്ങള്‍ കണക്കിലെടുത്താണ് ആലോചന നടക്കുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ മാലിന്യ നീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകള്‍ പരാതി നല്‍കിയിട്ടില്ല. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പാക്കും. ഡ്രൈവര്‍മാര്‍ മാലിന്യം നീക്കേണ്ടതില്ലെന്നും അവര്‍ വാഹനം ഓടിച്ചാല്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ബസുകള്‍ മാലിന്യ നീക്കത്തിനായി ഉപയോഗിക്കാള്ള നീക്കത്തിനെതിരായ യൂണിയനുകളുടെ പ്രതിഷേധം അറിയില്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ നീക്കം. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ ജീവനക്കാരും യൂണിയനുകളും ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടി സിയുടെ പഴയ ബസുകളും ഡ്രൈവര്‍മാരെയും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യ സംഭരണത്തിനായി ഉപയോഗിച്ച് സ്ഥാപനത്തിന് കൂടുതല്‍ വരുമാനം നേടാമെന്ന ശുപാര്‍ശ വിവാദമായതോടെ പ്രതികരണവുമായി കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ രംഗത്തുവന്നിരുന്നു.
‘ കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ഡ്രൈവര്‍മാര്‍ കൂടുതലാണ്. ഇവരെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതാകും നല്ലത്. കൂടുതലുള്ള ഡ്രൈവര്‍മാര്‍ക്ക് ജോലി കൊടുക്കേണ്ടെങ്കില്‍ ലേ ഓഫ് നല്‍കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ പൂര്‍ണമായും അവരുടെ ശമ്പളം തരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ കെഎസ്ആര്‍ടിസി സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് താല്‍ പര്യമില്ലെങ്കില്‍ എം പാനല്‍ഡ് ആയിട്ടുള്ള ഒരുപാട് ആളുകളുണ്ട്. അവരെ ഉപയോഗിച്ച് ആ ജോലി ഏറ്റെടുക്കും’ എന്നും അദ്ദേഹം പറഞ്ഞു.
പഴയ വണ്ടികളാണ് ഉപയോഗിക്കുന്നത്. മാലിന്യം കോരുന്നതും മനുഷ്യരാണ്. അവരാരും മ്ലേച്ഛന്മാരൊന്നും അല്ല. വലിയ വാഹനം ഓടിക്കാന്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവരെയാണ് ആവശ്യം. വാഹനം ഓടിക്കാന്‍ മാത്രമാണ് ഇവരോട് ആവശ്യപ്പെടുന്നത്. മാലിന്യം കോരാനൊന്നും ആരോടും പറയുന്നില്ല. ഇത് ഏത് ജോലിക്കാണ് ഏതെങ്കിലും രീതിയിലുള്ള മാന്യതക്കുറവുള്ളതെന്നും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ചോദിച്ചിരുന്നു. ബാക്കിയുള്ളവര്‍ മോശക്കാരാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസിയുടെ സ്ഥലം മദ്യവില്‍പ്പന ശാലകള്‍ക്കായി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുന്‍പ് പറഞ്ഞിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകള്‍ ക്രമീകരിക്കുന്നത്. ലേല നടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിവാദം തുടരുന്നതിനാല്‍ സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളുടെ കീഴിലുള്ള ഒഴിഞ്ഞ പ്രദേശത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കാമെന്ന നിര്‍ദേശം കെഎസ്ആര്‍ടിസിയാണ് മുന്നോട്ട് വെച്ചത്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ബിവറേജസ് കോര്‍പറേഷന്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.