Crime
മോന്‍സണ്‍ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം . മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ച് ചേർക്കും

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയാണ് അടിന്തരയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. വൈകീട്ട് മൂന്നരയ്ക്ക് ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതല്‍ ഡിജിപി വരെയുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കും. സമീപകാലത്തെ പല കേസുകളിലും പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ ബന്ധം വിവാദമായിരുന്നു. ഇതില്‍ പലതും ഉന്നത പോലീസുദ്യോഗസ്ഥരെ പോലും കബളിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
പുരാവസ്തുവിന്റെ പേരില്‍ വ്യാപക തട്ടിപ്പും ആള്‍മാറാട്ടവും വഞ്ചനയുമെല്ലാം കാട്ടിയ മോന്‍സണ്‍ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം പൊലീസിന് ഏറെ നാണക്കേടാണ് വരുത്തിവച്ചത്. ഇയാളും മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും തമ്മിലുള്ള ബന്ധത്തിന്റെ കടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഉയര്‍ന്ന പല പൊലീസ് ഉദ്യോഗസ്ഥരും ഇയാളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. പൊലീസ് സംരക്ഷണം ഇയാള്‍ നേടിയെടുത്തു. കൂടാതെ പൊലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചര്‍ച്ചയാകും. ഇതെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.