Business
മദ്യം വാങ്ങാൻ ഇനി വീട്ടിലിരുന്നാൽ മതി. ആവശ്യമുള്ള ബ്രാൻഡ് ബുക്കുചെയ്താൽ ഇഷ്ടമുള്ള സമയത്ത് ക്യൂ നിൽക്കാതെ വാങ്ങാം

തിരുവനന്തപുരം: മദ്യവിതരണ ശാലകളിൽ തലയിൽ മുണ്ടിട്ട് ക്യൂനിന്ന് ഇനി മദ്യം വാങ്ങേണ്ട. വീട്ടിലിരുന്ന് ആവശ്യമുള്ള ബ്രാൻഡ് ബുക്കുചെയ്താൽ ഇഷ്ടമുള്ള സമയത്ത് ക്യൂ നിൽക്കാതെ നിങ്ങൾക്ക് വാങ്ങാം. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശമദ്യ വില്പന ശാലകളിലും ഓൺലൈന്‍ ബുക്കിംഗ് സംവിധാനം സജ്ജമായി കഴിഞ്ഞു. fl.consumerfed.in എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ്. സംസ്ഥാനത്ത് ആദ്യമായാണ് വിദേശമദ്യ വില്പനയ്ക്ക് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ബുക്കിംഗ് ചെയ്യാനുള്ള രീതി വളരെ എളുപ്പമാണ്. ഈ വെബ്‌സൈറ്റിൽ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. രജിസ്റ്റർ ചെയ്യുന്നതോടെ ഒ ടി പി ലഭിക്കും. മദ്യം വാങ്ങുന്നയാള്‍ 23ന് വയസിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. അതിനുള്ള സംവിധാനങ്ങളും വെബ്‌സൈറ്റിലുണ്ട്. അത് പൂർത്തിയായാൽ ആവശ്യമുളള ഐറ്റങ്ങൾ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. ബിയറും, വൈനുമാണ് ആവശ്യമെങ്കിൽ അതും ലഭിക്കും. യു പി ഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം. ഇതോടെ മദ്യം ഡെലിവറി ചെയ്യാൻ തയാറാണെന്നുള്ള സന്ദേശവും ഒപ്പം ഒ ടി പിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്പനശാലയിലെത്തിയാല്‍ ഉടൻ മദ്യം ലഭിക്കും.