Connect with us

Crime

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ അനിത പുല്ലയിലിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

Published

on


കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ആലോചന. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ തുടര്‍ നടപടി. മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
പല ഉന്നതരേയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ്‍ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത് അനിതയായിരുന്നു. തട്ടിപ്പ് കേസില്‍ പരാതിക്കാരെ അനിത സഹായിച്ചിരുന്നു. നാട്ടിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. മോന്‍സണ്‍ നടത്തിയ തട്ടിപ്പുകളും ഇയാളുടെ ഉന്നത ബന്ധങ്ങളും സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അനിതയ്ക്ക് അറിയാമെന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
അനിത പുല്ലയില്‍ കൊച്ചിയിലെത്തുമ്പോഴെല്ലാം മോന്‍സണുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മോന്‍സണെ അനിതയ്ക്ക് അടുത്തറിയാം. ഇയാളുടെ തട്ടിപ്പുകളും അവര്‍ക്ക് അറിയാം. വിദേശത്ത് നിന്ന് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇത് എന്നത്തേക്ക് ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനായി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

Continue Reading