Connect with us

Crime

പെഗാസസ് വിവാദത്തിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്‌ദ്ധ സമിതി അന്വേഷിക്കും

Published

on

ന്യൂഡൽഹി: പെഗാസസ് വിവാദത്തിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്‌ദ്ധ സമിതി അന്വേഷിക്കും. മുൻ ജസ്റ്റിസ് വി ആർ രവീന്ദ്രന്റെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുക. കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച കോടതി ദേശീയ സുരക്ഷ പറഞ്ഞ് എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടിട്ടും വളരെ കുറച്ച് വിവരങ്ങൾ കൈമാറാൻ മാത്രമാണ് കേന്ദ്ര സർക്കാർ തയ്യാറായതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വിവാദത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ഭരണഘടന തത്വങ്ങൾ ഉയർത്തിപിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിവരസാങ്കേതിക വളർച്ചയുടെ കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകർക്കു മാത്രമല്ല എല്ലാവർക്കും സ്വകാര്യത ബാധകമാണെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമാ കൊഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. ഇതിനുപുറമേ ഇസ്രയേൽ ചാര സോഫ്ട് വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് എം പി എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി സർപ്പിച്ചത്.

Continue Reading