Connect with us

NATIONAL

ആന്ധ്രയിലെ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published

on

തിരുപ്പതി: ആന്ധ്രപ്രദേശിലെ ചരിത്ര പ്രധാനമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച വളരെ പഴക്കമേറിയ ബണ്ടാണിത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണിത്. തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തിലാണ് ബണ്ട് സ്ഥിതി ചെയ്യുന്നത്.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബണ്ടില്‍ ചോര്‍ച്ച തുടങ്ങിയത്. ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു.
ബണ്ടില്‍ നിലവില്‍ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷിയേ ബണ്ടിനുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്ധ്രപ്രദേശില്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ ജലസംഭരണിയിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കാണ്. സമീപകാലത്തായി ആദ്യമായിട്ടാണ് ഇത്രയധികം വെള്ളത്തിന്റെ ഒഴുക്കുണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ആര്‍സി രാമപുരത്തുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജ്, തിരുപ്പതിക്ക് സമീപമുള്ള സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഒഴിപ്പിച്ച ഗ്രാമവാസികളെ മാറ്റി താമസിപ്പിച്ചിട്ടുള്ളത്.
ഇതിനിടെ ജലസേചന വകുപ്പ് അധികൃതര്‍ ജലസംഭരണിയുടെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Continue Reading