NATIONAL
കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് കർഷകർ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് കർഷകർ. സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം. മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും കർഷകർക്കെതിരെ ചുമത്തിയ പോലീസ് കേസുകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംയുക്ത കിസാൻ മോർച്ചയുടെ മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ അതേപടി തുടരും. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്ത് എഴുതുന്നത്.
ഇന്നലെ ചേർന്ന കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗത്തിൽ സമരവുമായി മുന്നോട്ടു പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു. പാർലമെ ന്റിൽ ബില്ലവതരിപ്പിച്ചു നിയമം പിൻവലിക്കുന്നതുവരെ സമരസ്ഥലങ്ങളിൽ തുടരും. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾകൂടി സർക്കാർ അംഗീകരിക്കണമെന്നും കർഷക നേതാക്കൾ പറഞ്ഞു.
ലക്നോയിൽ പ്രഖ്യാപിച്ച മഹാപഞ്ചായത്ത് 22നു തന്നെ നടത്തും. കർഷകസമരത്തിന് ഒരു വർഷം പൂർത്തിയാകുന്ന 26ന് ഡൽഹി അതിർത്തികളിലെ സമ രവേദികളായ സിംഗു, തിക്രി എന്നിവിടങ്ങളിൽ പ്രത്യേക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കർഷകർ വ്യക്തമാക്കി. 29ന് പാർലമെന്റ് സമ്മേളനം ആരം ഭിക്കുന്ന അന്നുമുതൽ പാർലമെന്റിലേക്ക് നടത്തുന്ന ട്രാക്ടർ റാലിയിൽ ഓരോ ദിവസവും 500 കർഷകർ വീതം പങ്കെടുക്കുമെന്നും റാലി സമാധാനപരമായിരിക്കും എന്നും നേതാക്കൾ പറഞ്ഞു.