Crime
മോഫിയയുടെ ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു എന്ന് റിമാൻഡ് റിപ്പോർട്ട്

എറണാകുളം : ആലുവയിൽ നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഭർത്തൃവീട്ടുകാർക്കെതിരെ മോഫിയയുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നുണ്ട്. മോഫിയയുടെ ഭർത്താവായ സുഹൈലിന്റെ വീട്ടിൽ കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. വീട്ടുകാർ ക്രൂരമായി മാനസിക പീഡനം നടത്തിയപ്പോൾ, സുഹൈലിന്റെ ഭാഗത്ത് നിന്നും ലൈംഗിക പീഡനമായിരുന്നു പ്രധാനമായും മോഫിയ നേരിട്ടത്.
മോഫിയയുടെ ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്ന ഇയാൾ ദൃശ്യങ്ങളിൽ കാണുന്നത് പോലെ ചെയ്യാൻ മോഫിയയെ നിർബന്ധിക്കുമായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ചകുത്താൻ നിർബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇതിന് പുറമേ സ്ത്രീധനത്തിന്റെ പേരിലും മോഫിയയെ ഭർത്തൃവീട്ടുകാർ പീഡിപ്പിച്ചിരുന്നു. നാൽപ്പത് ലക്ഷം രൂപയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഭർത്തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. വീട്ടിൽ അടിമയെ പോലെ ജോലിയെടുപ്പിച്ചിരുന്നു.ഭർത്തൃപീഡനത്തിനെതിരെ പരാതിയുമായി സമീപിച്ചപ്പോൾ പ്രതികളുടെ മുന്നിൽ വച്ച് സർക്കിൾ ഇൻസ്‌പെക്ടർ അവഹേളിച്ചതിനെ തുടർന്നാണ് മോഫിയ കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തെതുടർന്ന് ആരോപണ വിധേയനായ ആലുവ സി.ഐ സി.എൽ.സുധീറിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയെങ്കിലും ആലുവയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭം തുടരുകയാണ്. ഇതേതുടർന്ന് കേസന്വേഷണം എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈ.എസ്.പി വി.രാജീവിനാണ് ചുമതല. പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
അതിനിടെ ഇന്ന് രാവിലെ വ്യവസായ മന്ത്രി പി രാജീവ് മോഫിയയുടെ കുടുംബത്തെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുമായി മോഫിയയുടെ പിതാവ് ഫോണിൽ സംസാരിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് അദ്ദേഹം മോഫിയയുടെ പിതാവിന് ഉറപ്പ് നൽകി.