HEALTH
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രട്ടേറിയറ്റ് പടിക്കല്‍ ഡിസംബര്‍ 8 മുതല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിക്കും. രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിതഭാരമെടുക്കേണ്ടി വരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റിസ്‌ക് അലവന്‍സ് നല്‍കിയില്ല. ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിച്ചു എന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. കാര്യങ്ങള്‍ പല തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാതായതോടെയാണ് സമരം. നവംബര്‍ ഒന്ന് മുതല്‍ കെ ജി എം ഒ എ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ് സമരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
രോഗീപരിചരണത്തെ ബാധിക്കാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമാകും.
മറ്റ് മേഖലകളില്‍ പുതിയ തസ്തികള്‍ക്ക് വേണ്ടി ഉയര്‍ന്ന ശമ്പള സ്‌കെയിലുകള്‍ നിര്‍ണ്ണയിക്കുവാന്‍ സാമ്പത്തിക ബാധ്യതയോ, ധനസ്ഥിതിയോ തടസ്സമാക്കാത്ത സര്‍ക്കാര്‍, പക്ഷെ മഹാമാരികള്‍ തുടര്‍ക്കഥയാകുന്ന ഈ കാലത്ത് സ്വന്തം ആരോഗ്യം തൃണവത്കരിച്ച് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളവും, ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരിക്കുകയാണ്. അതീവ അപകടകരവും ദുര്‍ഘടവുമായ സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് അവരുടെ ജോലി ഭാരത്തിനും, വിദ്യാഭ്യാസ യോഗ്യതയ്ക്കുമനുസരിച്ച് അര്‍ഹമായ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനും വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനുമായി പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. ഏറ്റവും ന്യായമായ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും സംഘടന ആവശ്യപ്പെടുന്നു.