KERALA
പോപ്പുലർ ഫ്രണ്ടിനെ തടയാൻ പോലീസിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ സർക്കാർ ഒത്താശയോടെ പോപ്പുലർ ഫ്രണ്ട് താലിബാനിസം നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വർഗീയ കലാപങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കാൻ ആസൂത്രിതമായ ശ്രമമുണ്ട്. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ അക്രമികൾ കൊലപ്പെടുത്തിയത് ക്രൂരമായിട്ടാണ്.
പോപ്പുലർ ഫ്രണ്ട് നേതാവ് കെ.എസ്.ഷാനിന്റെ കൊലപാതകത്തിൽ ആർഎസ്എസിനോ ബിജെപിക്കോ പങ്കില്ല. പ്രദേശത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിലാണ് സംഘർഷമെന്നും ഇക്കാര്യം എസ്ഡിപിഐ നേതാക്കൾ തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി
സർക്കാർ ഒത്താശയിൽ പോലീസ് എസ്ഡിപിഐക്ക് സഹായം നൽകുകയാണ്. പോപ്പുലർ ഫ്രണ്ടിനെ തടയാൻ പോലീസിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ അറിയിക്കണം. മുഖ്യമന്ത്രി വളരെ ഒഴുക്കൻ മട്ടിലാണ് പ്രതികരിച്ചത്. അദ്ദേഹം പോപ്പുലർ ഫ്രണ്ടിനൊപ്പം നിൽക്കുകയാണെന്നും ആഭ്യന്തരവകുപ്പ് ദയനീയ പരാജയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.പോപ്പുലർ ഫ്രണ്ട് കേരള സമൂഹത്തിന് പൊതുവിപത്തായി മാറിയിരിക്കുകയാണ്. ഭീകരവാദികളുടെ മുന്നിൽ ബിജെപി മുട്ടുമടക്കാൻ തയാറല്ലെന്നും പോപ്പുലർ ഫ്രണ്ടിനെതിരേ ശക്തമായ പ്രചരണം നടത്തുന്നും സുരേന്ദ്രൻ പറഞ്ഞു.