Crime
ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

ഇടുക്കി: എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റാണ് രേഖപ്പെടുത്തുക.
ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് താനാണെന്ന് നിഖിൽ പൈലി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ജെറിൻ ജോജോയുടെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ജെറിനെ പൊലീസ് പിടികൂടിയത്.നിഖിലിനെയും ജെറിനെയും കൂടാതെ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആണ്. എല്ലാവരും കെ എസ് യു പ്രവർത്തകരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ധീരജിന്റെ മൃതദേഹം ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിലാണ് ഉള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സി പി എം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപ യാത്രയായി കണ്ണൂർ തളിപ്പറമ്പിലേക്ക് കൊണ്ടുപോകും.