International
ഗാല്‍വന്‍ താഴ്വരയില്‍ മരിച്ചത് അഞ്ച് സൈനികരെന്ന് ചൈന; മൂന്നിരട്ടിയോളം മരണസംഖ്യ വരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വനിലുണ്ടായ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ ചൈനയ്ക്കും സാരമായ ആള്‍നഷ്ടമുണ്ടായെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ജൂണ്‍ 15നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ മരിച്ചതായി ചൈന തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മോള്‍ഡോയില്‍ ഇരുരാരാജ്യങ്ങളും തമ്മില്‍ ഈ ആഴ്ച ആദ്യം നടന്ന സൈനിക നയതന്ത്രതല ചര്‍ച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, സംഘര്‍ഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ചൈന കൊല്ലപ്പെട്ട തങ്ങളുടെ സൈനികരെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 15,000 അടി ഉയരത്തിലുള്ള ഗാല്‍വനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ചൈനീസ് കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് മുമ്പ് ചൈന സമ്മതിച്ചിരുന്നത്.
എന്നാല്‍, ചൈന പറഞ്ഞതിനേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യയുടെ വാദം. ചൈന അഞ്ചുപേര്‍ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാല്‍ യഥാര്‍ഥ കണക്ക് മൂന്നിരട്ടി വരെ ആയിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദോക്ലാം സംഘര്‍ഷത്തിന് ശേഷം ഉണ്ടായ ധാരണകള്‍ ചൈന പലതവലണ ലംഘിച്ചിരുന്നു. ഇത് ഇന്ത്യ സമയാസമയം ചൈനീസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും അത് പരിഹരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇതിന് ശേഷം പ്രശ്നം വളര്‍ന്നുവന്നതാണ് ലഡാക്കിലെ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.