Connect with us

International

ഭാര്യയുടെ ചെലവിലാണ് തന്റെ ജീവിതമെന്ന് അനില്‍ അംബാനി വായ്പ തിരിച്ചടവുമായ് ബന്ധപ്പെട്ട് കോടതിയിലാണ് ഈ വാദം നടത്തിയത്

Published

on

ലണ്ടന്‍: തന്റെ പക്കല്‍ സ്വത്ത് ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. ലണ്ടന്‍ കോടതിയിലാണ് അനില്‍ അംബാനി ഇക്കാര്യം പറഞ്ഞത്. മൂന്നു ചൈനീസ് ബാങ്കുകളില്‍ നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യന്‍ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനി തന്റെ സാമ്പത്തിക നിലയെക്കുറിച്ചു വ്യക്തമാക്കിയത്.

ലളിത ജീവതമാണു നയിക്കുന്നത്. ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നത്. 2020 ജനുവരിക്കും ജൂണിനും ഇടയില്‍ ആഭരണങ്ങള് വിറ്റ് 9.9 കോടി രൂപ ലഭിച്ചിരുന്നു. ഇനി തന്റെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും അനില്‍ അംബാനി പറഞ്ഞു.തനിക്ക് ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും തനിക്ക് റോള്‍സ് റോയ്സ് ഇല്ലെന്നും ആഡംബരക്കാറുകളുടെ ശ്രേണിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അനില്‍ അംബാനി പറഞ്ഞു. ലണ്ടന്‍, കലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അമ്മയുടേതാണെന്നും അനില്‍ വ്യക്തമാക്കി.

അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് 2020 മേയ് 20ന് യുകെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൈനീസ് ബാങ്കുകള്‍ക്കു കോടതിച്ചെലവായി ഏഴ് കോടി നല്‍കാനും കോടതി നിര്‍ദേശിച്ചു. ഈ പണം ഇതുവരെ നല്‍കിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് അനിലിന്റെ ആസ്തി വെളിപ്പെടുത്തണമെന്ന് ചൈനീസ് ബാങ്കുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അനില്‍ അംബാനി ഹാജരായി വിവരങ്ങള്‍ അറിയിച്ചത്.

അമ്മയ്ക്ക് 500 കോടിയും മകന്‍ അന്മോലിന് 310 കോടിയും നല്‍കാനുണ്ട്. റിലയന്‍സ് ഇന്നൊവെന്റേഴ്സില്‍ തനിക്കുള്ള ഓഹരികള്‍ക്കു മൂല്യമില്ല. ആഭരണങ്ങള്‍ വിറ്റാണ് അഭിഭാഷകര്‍ക്കു പണം നല്‍കുന്നത്. തുടര്‍ന്നുള്ള ചെലവുകള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ മറ്റ് ആസ്തികള്‍ വില്‍ക്കാന്‍ കോടതിയുടെ അനുമതി ആവശ്യമാണെന്നും അനില്‍ പറഞ്ഞു. കുടുംബട്രസ്റ്റ് ഉള്‍പ്പെടെ ലോകത്ത് ഒരു ട്രസ്റ്റിലും പങ്കാളിത്തമില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന കലാശേഖരം ഭാര്യ ടിന അംബാനിയുടേതാണെന്നും താന്‍ അവരുടെ ഭര്‍ത്താവ് മാത്രമാണെന്നും അനില്‍ പറഞ്ഞു.

അതേസമയം അനിലിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്മെന്റ് ബാങ്ക് എന്നിവര്‍ വിചാരണയ്ക്കു ശേഷം അറിയിച്ചു

Continue Reading