Crime
ബിഷപ്പ് ഫ്രാങ്കോയെ വെറുതേവിട്ടത് പ്രാേസിക്യൂഷൻ്റെ വീഴ്ചകൾ കാരണം

കൊച്ചി :ബിഷപ്പ് ഫ്രാങ്കോയെ വെറുതേവിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ എടുത്തുകാട്ടുന്നത് പ്രാേസിക്യൂഷൻ്റെ വീഴ്ചകൾ. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞില്ലെന്ന് മാത്രമല്ല, പല പ്രധാന വിവരങ്ങളും കോടതിക്ക് മുമ്പാകെ എത്താതെ പോയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
ഇരയുടെ മൊബൈൽ ഫോൺ ഹാജരാക്കിയില്ലന്നത് പ്രധാനമാണ്. അത് കിട്ടാത്തതിന് പറയുന്ന ന്യായം വിശ്വസനീയമല്ല. അതുണ്ടായിരുന്നുവെങ്കിൽ പ്രതി അയച്ച മോശം സന്ദേശങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാമായിരുന്നു. ഇരയുടെ ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയില്ല. അതിൻ്റെ ഹാർഡ് ഡിസ്ക് തകരാറിൽ ആണെന്ന് പറയുന്നു. കേസുമായി ബന്ധപ്പെട്ട പരാതികളിൽ നിക്ഷിപ്ത താൽപര്യക്കാരുടെ ഇടപെടൽ ഉണ്ടായെന്ന് സംശയിക്കണം. കതിരും പതിരും വേർതിരിച്ചെടുക്കാൻ പ്രയാസമാണ്.
ഇരയുടെ ബന്ധു ഇരയ്ക്ക് എതിരേ ബിഷപ്പിന് പരാതി കൊടുത്തതുമായി ബന്ധപ്പെട്ട് പ്രാസിക്യൂഷൻ ഉന്നയിച്ച ആക്ഷേപങ്ങൾ വിശ്വസിക്കാൻ കഴിയില്ല. അവരുടെ ഭർത്താവുകൂടി ഉൾപ്പെടുന്ന സംഭവമാണ് ബന്ധു പരാതിയിൽ പറയുന്നത്. ഭർത്താവ് അഭിഭാഷകനാണ്. കുടുംബത്ത് പ്രശ്നം ഉണ്ടാകുംവിധം ആ സ്ത്രീ പരാതിയുമായി മുന്നോട്ട് പോയത് കോടതി പരിഗണിച്ചു. ഈ പരാതിയിൽ ഇരയായ കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് നടപടി എടുക്കാൻ തുടങ്ങിയപ്പോഴാണ് ഇര ബിഷപ്പിന് എതിരെ പീഡനപരാതി ഉന്നയിച്ചതെന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ഇരയായ വ്യക്തി സംശയാതീതമായി തൻ്റെ പരാതി അവതരിപ്പിച്ചിട്ടില്ല. അതിൽ മാറ്റം മറിച്ചിലുകൾ കാണാനുണ്ട്. മഠത്തിലെ ആഭ്യന്തര പ്രശ്നങ്ങളും അധികാര തർക്കങ്ങളുമൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പരാതിക്കാരി ഉപദ്രവത്തിന് ഇരയായി എന്ന് പറയുന്നതിൻ്റെ അടുത്ത ദിവസങ്ങളിൽ ബിഷപ്പുമൊത്ത് പരിപാടികളിൽ പങ്കെടുക്കുകയും യാത്ര ചെയ്യുകയും ചെയ്തത് കോടതി പരിഗണിച്ചു. ഈ സാഹചര്യത്തിൽ പീഡന പരാതി വിശ്വസനീയമായി കാണുന്നില്ല.
287 പേജുള്ള വിധിപകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രാങ്കോയ്ക്കെതിരെ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാന്‍ പ്രോസിക്യൂഷനായില്ല. ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാല്‍ 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോള്‍ കന്യാസ്ത്രീ മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണാര്‍ത്ഥത്തില്‍ മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്ന് കോടതി പറയുന്നു. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
സ്വാര്‍ത്ഥതാത്പര്യങ്ങള്‍ ഉള്ളവരുടെ നീക്കത്തിന് ഇര വഴങ്ങിയെന്ന് ബോധ്യമായതായി കോടതി പറയുന്നു. കന്യാസ്ത്രീകള്‍ക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചുവെന്ന് കോടതി വിലയിരുത്തി. അധികാരമോഹവും മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചു. കേസ് ഒത്തുതീര്‍ക്കാന്‍ പരാതിക്കാരി തയാറായതായും കോടതി ചൂണ്ടിക്കാട്ടുന്നു. ബിഹാര്‍ അതിരൂപതയ്ക്ക് കീഴിലെ പ്രത്യേക കേന്ദ്രം വിട്ടുകൊടുത്താല്‍ ഒത്തുതീര്‍പ്പിന് തയാറയേനെയെന്ന് കോടതി പറയുന്നു.