KERALA
കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും, ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കേന്ദ്ര സർക്കാരിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ധീരജിന്റെ കൊലപാതകത്തെ കോൺഗ്രസ് അപലപിച്ചിട്ടുണ്ട്. അതിന്റെ പേരിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളും അടിച്ചുതകർക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഞങ്ങൾ തിരിച്ചടിക്കും. അത്തരത്തിൽ തിരിച്ചടിക്കുമ്പോൾ കേരളം കലാപ ഭൂമിയാകും.’- മുരളീധരൻ വ്യക്തമാക്കി.
‘ഗാന്ധിയൻ ആദർശങ്ങളിൽ നിന്ന് ഞങ്ങൾ മാറിയിട്ടില്ല. ഇടത്തേ കവിളിൽ അടിച്ചാൽ വലത്തേ കവിൾ കാണിച്ചുകൊടുക്കാനാണ് ഗാന്ധിജി പറഞ്ഞത്. വലത്തേ കവിളിലും അടിച്ചാൽ എന്ത് ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. അത്തരത്തിൽ വലത്തേ കവിളത്ത് അടിച്ചാൽ അടിച്ചവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കും.’- മുരളീധരൻ പറഞ്ഞു.