Crime
മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി മാപ്പ് പറഞ്ഞു

മൂവാറ്റുപുഴ: മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി മാല നഷ്ടപ്പെട്ട സ്ത്രീയോട് മാപ്പ് പറഞ്ഞു, ക്ഷമിച്ച് വണ്ടിക്കൂലി നൽകി പറഞ്ഞയച്ച് വീട്ടമ്മ . ഈ സംഭവം നടന്നത് മൂവാറ്റുപുഴ രണ്ടാറിലാണ്. പുനത്തിൽ മാധവിയുടെ കണ്ണിൽ മുളകുപൊടിയിട്ട് മാല തട്ടിയെടുത്ത വിഷ്ണുപ്രസാദാണ് കുടുംബ സമേതമെത്തി മാപ്പ് പറഞ്ഞത്.ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഒപ്പമെത്തിയാണ് മാല തിരിച്ച് നൽകിയത്.
എന്നാൽ പൊലീസ് കേസ് എടുത്തതിനാൽ പിന്നീട് വിഷ്ണുപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു പ്രസാദിന്റ ഭാര്യയെയും കുട്ടികളെയും പോലീസ് സുരക്ഷിതമായി വീട്ടിൽ എത്തിച്ചിരുന്നു.
അസുഖമായ കുട്ടികൾക്ക് മരുന്നു വാങ്ങാൻ മറ്റൊരു മാർഗവും കാണാത്തതിനാലാണ് മോഷണം നടത്തിയതെന്നും,ഇതിൽ ക്ഷമിക്കണമെന്നും പറഞ്ഞാണ് വിഷ്ണുപ്രസാദിൻറെ ഭാര്യ മാല തിരിച്ചേൽപ്പിച്ചത്.ഇവരുടെ അവസ്ഥ മനസിലാക്കിയ മാധവി ഇവർക്ക് വഴിചിലവിനായി 500 രൂപ നൽകി.
ജനുവരി 29നാണ് സംഭവങ്ങളുടെ തുടക്കം. രണ്ടാറിൽ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുന്നുണ്ട് മാധവി. ഇവിടെ എത്തിയ വിഷ്ണുപ്രസാദ് ഇവരുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കുകയായിരുന്നു. എന്നാൽ അതിനിടയിൽ വിഷ്ണുപ്രസാദിൻറെ മൊബൈൽ താഴെ വീണു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് പ്രതിയെന്ന് പൊലീസ് മനസിലാക്കി.
പൊലീസ് തന്നെ തേടുന്നുവെന്ന് മനസിലാക്കിയ വിഷ്ണുപ്രസാദ് കുടുംബ സമേതം തമിഴ്‌നാട്ടിലേക്ക് കടന്നെങ്കിലും, അവിടുന്ന് തിരിച്ച് ഭാര്യയുടെ വീട് സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ എത്തി. എന്നാൽ പിടിക്കപ്പെടും എന്നറിഞ്ഞപ്പോൾ കുടുംബ സമേതം തിരിച്ചുവന്ന് മാധവിക്ക് മോഷ്ടിച്ച മാല നൽകി മാപ്പ് പറയുകയായിരുന്നു.