NATIONAL
ബീഹാറിൽ എൻ.ഡി.എ ഭരണം തുടരുമെന്ന് സർവ്വേ ഫലം

പാട്‌ന : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും സീ വോട്ടറും ചേര്‍ന്ന നടത്തിയ അഭിപ്രായസര്‍വേയിലാണ് എന്‍ഡിഎ സര്‍ക്കാരിന് അനുകൂല നിലപാടുള്ളത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെയും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരാണ്. ഭൂരിപക്ഷം പേരും മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ശക്തമായ പ്രതിപക്ഷം ഇല്ലാത്തത് എന്‍ഡിഎയ്ക്ക് ഗുണകരമാകുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.
നിയമസഭയില്‍ ജെഡിയു-ബിജെപി പാര്‍ട്ടികള്‍ നയിക്കുന്ന എന്‍ഡിഎ സഖ്യം 141 മുതല്‍ 161 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന യുപിഎ സഖ്യം 64 മുതല്‍ 84 സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ക്ക് 13 മുതല്‍ 23 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേഫലം വ്യക്തമാക്കുന്നു.
ബീഹാറില്‍ നിയമസഭ അംഗബലം 243 പേരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ പേരിനാണ് മുന്‍തൂക്കം. 31 ശതമാനം പേരാണ് നിതീഷിനെ പിന്തുണച്ചത്. പ്രതിപക്ഷമായ ആര്‍ജെഡിയിലെ തേജസ്വി യാദവിനെ 15.4 ശതമാനം പേര്‍ പിന്തുണച്ചു. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡിയെ 9.2 ശതമാനം പേരും, മുന്‍ മുഖ്യമന്ത്രി ലാലുപ്രാദ് യാദവിനെ 8.3 ശതമാനം പേരും പിന്തുണയ്ക്കുന്നു.