Crime
പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പൊലീസുകാർക്ക് പരിക്ക്. പിടിവലിക്കിടെ തോക്കിൽ നിന്നും വെടിയുതിർന്നു

കൊല്ലം : പൊലീസ് പിടികൂടാനുള്ള ശ്രമത്തിനിടെ തോക്കിൽ പിടിവലി നടത്തിയ പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പൊലീസുകാർക്ക് പരിക്ക്. പിടിവലിക്കിടെ തോക്കിൽ നിന്നും വെടിയുതിർന്നതും പരിഭ്രാന്തി പടർത്തി. കൊല്ലം പത്തനാപുരത്താണ് സംഭവം.ഇരുപത്തിയഞ്ചിലധികം കേസുകളിൽ പ്രതിയായ പുനലൂർ മണിയാർ ചരുവിള വീട്ടിൽ മുകേഷ്, പുന്നലയിലെ ഭാര്യ വീട്ടിൽ എത്തി എന്നറിഞ്ഞാണ് പൊലീസ് പിടികൂടാൻ എത്തിയത്.
പൊലീസ് മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാൾ പൊലീസുകാരന്റെ കഴുത്തിൽ കത്തിവയ്ക്കുകയായിരുന്നു. തുടർന്ന് എസ് ഐ തോക്ക് ചൂണ്ടി. പിന്നാലെ തോക്കിന് വേണ്ടി പ്രതി പിടിത്തമിടുകയും സംഘർഷത്തിനിടെ വെടി പൊട്ടുകയുമായിരുന്നു. മുകേഷിന്റെ മുഖത്ത് കൂടി ഉരസിയ നിലയിലാണ് വെടിയുണ്ട പുറത്തേക്ക് തെറിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പ്രതിയും പരിക്കേറ്റ പൊലീസുകാരും നിലവിൽ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.