NATIONAL
ബിക്കിനിയായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നു പ്രിയങ്കാഗാന്ധി

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിക്കിനിയായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും അതിന് ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
“ബിക്കിനിയോ ഹിജാബോ ജീന്‍സോ മുഖാവരണമോ എന്ത് തന്നെയായാലും ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണ്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നു. ഹിജാബിന്റെ പേരില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തണം.” പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ അസംബ്ലി ഇലക്ഷന്റെ പ്രചരണത്തിനുപയോഗിക്കുന്ന #ladkihoonladsaktihoon (ഞാനൊരു സ്ത്രീയാണ്, എനിക്ക് പോരാടാം) എന്ന ഹാഷ്ടാഗും പ്രിയങ്ക ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശ സംരക്ഷണവുമാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം.
ഹിജാബ് വിവാദത്തില്‍ നേരത്തേ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഹിജാബ് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്നത് അനേകം പെണ്‍കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്നും വിദ്യ നല്‍കുന്ന സരസ്വതീ ദേവിക്ക് മുന്നില്‍ ആരും വ്യത്യസ്തരല്ലെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളേജ് അധികൃതര്‍ തടഞ്ഞത് രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ഉഡുപ്പിയിലെ വനിതാ പിയു കോളേജിലും കുന്ദാപുരിയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. നടപടിയ്‌ക്കെതിരെ നിരവധി വിദ്യാര്‍ഥിനികളാണ് രംഗത്തെത്തിയത്. ഉഡുപ്പി, ചിക്കമഗളുരു, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.