Crime
സോളര്‍ മാനനഷ്ടക്കേസില്‍ വി.എസ്. അച്യുതാനന്ദൻ 14,89,750 രൂപയുടെ ജാമ്യബോണ്ട് കോടതിയില്‍ ഹാജരാക്കി

തിരുവനന്തപുരം : സോളര്‍ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി മകന്‍ വി.എ. അരുണ്‍കുമാര്‍ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയില്‍ ഹാജരാക്കി. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദന്‍ 10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധിച്ചിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ വിഎസ് 14.89 ലക്ഷം രൂപ കെട്ടിവെയ്ക്കുകയോ തത്തുല്യമായ ജാമ്യം നല്‍കുകയോ വേണമെന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധി വച്ചു. ഇതേത്തുടര്‍ന്നാണ് അരുണ്‍ കുമാര്‍ ജാമ്യ ബോണ്ട് ഹാജരാക്കിയത്. സ്റ്റേ അനുവദിക്കാന്‍ നഷ്ടപരിഹാരവും പലിശയും ഉള്‍പ്പെട്ട തുക കെട്ടിവയ്ക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എ. സന്തോഷ് കുമാറിന്റെ വാദമാണു കോടതി അംഗീകരിച്ചത്.
ഐഎച്ച്ആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍ എന്ന നിലയിലുളള ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അരുണ്‍, കോടതി എത്ര രൂപ നിശ്ചയിച്ചാലും അടയ്ക്കാമെന്നും വേണമെങ്കില്‍ ശമ്പളത്തില്‍ നിന്നു പിടിക്കാമെന്നും സത്യവാങ്മൂലവും നല്‍കി. മകന്‍ അരുണ്‍കുമാറിന്റെ ജാമ്യബോണ്ട് ഹാജരാക്കുന്നതായി വിഎസും കോടതിയെ അറിയിച്ചിട്ടുണ്ട്. വിഎസ് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണു നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി ജില്ലാ കോടതി സ്റ്റേ ചെയ്തത്.
2013ല്‍ ചാനല്‍ അഭിമുഖ ത്തില്‍, വിഎസ് നടത്തിയ ആരോപണത്തിനെതിരായാണു നഷ്ടപരിഹാരം നല്‍കാന്‍ സബ് കോടതി വിധിച്ചത്. 6% പലിശയും വിഎസ് നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി സരിത നായരുമായി ചേര്‍ന്നു സോളര്‍ തട്ടിപ്പു നടത്തിയെന്നായിരുന്നു വിഎസിന്റെ ആരോപണം.