KERALA
വനിതാ നേതാക്കളോട് ചില പുരുഷനേതാക്കളുടെ സമീപനം മോശമെന്ന് മന്ത്രി ആർ.ബിന്ദു

കൊച്ചി∙ സി.പി.എമ്മിലെ വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് വളരെ ദു:ഖത്തോടെ പറയേണ്ടി വരികയാണെന്ന് പാർട്ടി സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിൽ മന്ത്രി ആർ.ബിന്ദുവിന്റെ വിമർശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ചില ഘട്ടങ്ങളിലെങ്കിലും പാർട്ടി ശരിയായി പരിഗണിക്കുന്നില്ലെന്നും ബിന്ദു പരാതിപെട്ടു.പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും ചർച്ചയിൽ ബിന്ദു പറഞ്ഞു. മറ്റു ചില വനിതാ പ്രതിനിധികളും ഇക്കാര്യം ചർച്ചയിൽ ഉന്നയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനിൽക്കുന്നതായും വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിമർശനം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയിൽ ഷൊർണൂർ എംഎൽഎയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
സംസ്ഥാന, ജില്ലാ നേതാക്കൾക്കു പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് യുവതി പാർട്ടി ജനറൽ സെക്രട്ടറിക്കു പരാതി നൽകി. തുടർന്ന് മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മിഷനെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. നിലവിൽ കെടിഡിസി ചെയർമാനാണ് ശശി.