KERALA
സില്‍വര്‍ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം .സില്‍വര്‍ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലൈന്‍ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ ദൂഷ്യവശങ്ങള്‍ ബാധിക്കുന്നതെന്നും മറിച്ച് സാമ്പത്തികമായി, പാരിസ്ഥിതികമായി, സാമൂഹ്യമായി കേരളം തകര്‍ന്ന് പോകുന്ന പദ്ധതിയാണ് ഇതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് വി.ഡി സതീശന്‍ ചര്‍ച്ച ആരംഭിച്ചത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തണം എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും, അതുകൊണ്ട് തന്നെ കേരളത്തിലെ പാവങ്ങള്‍ വരെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി നവീകരിക്കുകയാണ് വേണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു.
‘കേരളത്തിലെ ഒട്ടുമിക്ക സര്‍വീസുകളും റദ്ദാക്കി, ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും സാധിക്കാതെ, പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് വരേണ്യ വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കിയത്’- വി.ഡി സതീശന്‍ പറഞ്ഞു.എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ലോകത്ത് വരുന്നത് മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെടുത്തിയാണ്. എന്നാല്‍ സില്‍വര്‍ലൈന്‍ മറ്റെല്ലാ ഗതാഗത സംവിധാനങ്ങളേയും വിഴുങ്ങുന്ന പദ്ധതിയാണെന്ന് വി.ഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു.
പരസ്പരവിരുദ്ധ കണക്കുകളാണ് പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ പറയുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പശ്ചിമഘട്ടത്തിലെ മുഴുവന്‍ മലയും ഇടിച്ച് നിരത്തിയാലും പദ്ധതിക്കുള്ള കല്ല് കിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. പ്രിലിമിനറി ഫീസിബിളിറ്റി റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചുവെന്നും ഡേറ്റ ഫഡ്ജിംഗ് ചെയ്തവര്‍ ജയിലില്‍ പോകേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു.
64,000 കോടി മാത്രമാണ് പദ്ധതിയുടെ ചെലവെന്ന് എന്തടിസ്ഥാനത്തില്‍ പറയുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു. പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടിയിലേക്ക് പോകും. പൊലീസിന് ഡീസലടിക്കാന്‍ പണമില്ലാത്ത, കുട്ടികള്‍ പാലും മുട്ടയും കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണിതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.