KERALA
സിപിഎം പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാൻ പാടില്ലെന്ന് കെ. സുധാകരന്റെ കർശന നിർദേശം

:
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാൻ പാടില്ലെന്ന നിർദേശവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിലേക്ക് ശശി തരൂരിനും കെ.വി. തോമസിനും ക്ഷണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. ഇരുവരോടും ഈ പരിപാടിയിൽ പങ്കെടുക്കരുതെന്നും സുധാകരൻ നേരിട്ടും അറിയിച്ചു. കെ.എസ്.യു പ്രവർത്തകർ ഉൾപ്പെടെ ഉള്ളവരെ അക്രമിച്ചൊതുക്കുന്ന സി.പി.എം പ്രവർത്തകരുടെ പരിപാടിയിൽ ഒരു കോൺഗ്രസ് നേതാക്കളും പങ്കെടുക്കരുതെന്നാണ് തീരുമാനം.
സിപിഎം പരിപാടിയിൽ നേതാക്കൾ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ല. കോൺഗ്രസിനെ ദ്രോഹിക്കുന്ന സിപിഎമ്മുമായി ഒരു സഹകരണത്തിനും തയാറല്ലെന്നും സുധാകരൻ പറഞ്ഞു.
ജെബി മേത്തറുടെ സ്ഥാനാർഥിത്വത്തിലും സുധാകരൻ പ്രതികരിച്ചു. ജെബി മേത്തർ അപ്രതീക്ഷിത സ്ഥാനാർഥിയായിരുന്നില്ല. താൻ കൊടുത്ത പട്ടികയിൽ നിന്നുള്ള പേരാണിതെന്നും സുധാകരന് പറഞ്ഞു. എം. ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.