KERALA
സമരത്തോട് സര്‍ക്കാരിന് അസഹിഷ്ണുത എന്തിനാണെന്നു വി.ഡി.സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് വരെ സമരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരത്തോട് സര്‍ക്കാരിന് അസഹിഷ്ണുത എന്തിനാണെന്നും സതീശന്‍ ചോദിച്ചു. എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രി ആഹ്ലാദിക്കുകയാണ്. മുഖ്യമന്ത്രിയും കോടിയേരിയും ഭൂതകാലം മറക്കുകയാണ്. മുതലാളിമാരെ പോലെയാണ് ഇരുവരും. ഇടതുപക്ഷത്ത് നിന്ന് തീവ്രവലതുപക്ഷത്തിലേക്ക് വ്യതിയാനമുണ്ടായി. സിപിഎം നേതാക്കളുടെ ഭാഷയില്‍ നിന്ന് ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വരെ സംഘര്‍ഷം ഒഴിവാക്കാനാണ് സര്‍വ്വേ നിര്‍ത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും സില്‍വര്‍ലൈന് എതിരെ പ്രതിഷേധിക്കുന്ന പാവപ്പെട്ട ജനങ്ങളെ പരിഹസിക്കുകയാണ്. പഴയകാലത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്ന് വരുന്നത്. ദില്ലിയില്‍ പാര്‍ലമെന്റിന് മുമ്പില്‍ വെച്ച് എംപിമാരെ പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ അതിലാഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയെയുമാണ് കണ്ടത്.
നിലവാരം വിട്ട് എംപിമാര്‍ പെരുമാറിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അദ്ദേഹം ഭൂതകാലം മറക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അസംബ്ലി അടിച്ചുതകര്‍ക്കാന്‍ വിട്ടനേതാവാണ് അദ്ദേഹം. അടിനേരത്തെ കിട്ടേണ്ടതായിരുന്നു എന്നാണ് കോടിയേരി പറഞ്ഞത്. മുതലാളിമാരെ പോലെ, കോര്‍പ്പറേറ്റുകറളെ പോലെ, ജന്മിമാരെ പോലെയാണ് ഇവര്‍ സംസാരിക്കുന്നത്. ഇടതുപക്ഷത്തില്‍ നിന്നും തീവ്രവലതുപക്ഷത്തിലേക്കുള്ള വ്യതിയാനം ഇവരുടെ ഭാഷയില്‍ നിന്നുതന്നെ വ്യക്തമാണ്.