Crime
മമതക്ക് തിരിച്ചടി.ബംഗാളിലെ സംഘര്‍ഷം സിബിഐ അന്വേഷിക്കും

ന്യൂഡൽഹി: ബംഗാളിലെ ബിര്ഭുമിലണ്ടായ സംഘര്‍ഷം സിബിഐ അന്വേഷിക്കും.കേസ് സിബിഐക്ക് കൈമാറാൻ കോൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐക്ക് കൈമാറാന്‍ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടിയായി.
ബിര്ഭുവിൽ തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് ഡപ്യൂട്ടി ചീഫ് ബാബു ഷെയ്ക്കിന്റെ കൊലപാതകത്തെത്തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണത്തിനിടെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ജീവനോടെ എട്ടു പേരെ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
മൂന്നു സ്ത്രീകളും രണ്ടും കുട്ടികളും ഉൾപ്പെടെയാണ് എട്ട് പേർ കൊല്ലപ്പെട്ടത്. പത്ത് വീടുകൾ തീവച്ചുനശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ബാബു ഷെയ്ക്കിന്റെ മകനുൾപ്പെടെയുള്ളവർ അറസ്റ്റിലായി. 20 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് സംഭവം തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, നിഷ്ഠൂരമായ കൃത്യമാണ് നടന്നതെന്നും കുറ്റക്കാരെ വെറുതെ വിടരുതെന്നും പറഞ്ഞു. മുഖ്യമന്ത്രിയെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.